ചങ്ങനാശേരി: ചരിത്രവും സംസ്കാരവും മതസൗഹാര്‍ദവും സമന്വയിക്കുന്ന ചങ്ങനാശേരിയുടെ പെരുമ ലോക ശ്രദ്ധയിലെത്തിക്കുന്നതിലും ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും മീഡിയ വില്ലേജിന്റെ നേതൃത്വത്തിലുള്ള റേഡിയോ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം.
മധ്യകേരളത്തിന്റെ സ്വരാഘോഷം 90.8 റേഡിയോ മീഡിയാ വില്ലേജിന്റെ 14-ാം വാര്‍ഷികാഘോഷ പരിപാടികള്‍ മീഡിയാ വില്ലേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആദരവും റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും മ്യൂസിക് ധമാക്കാ സംഗീത മത്സരം ഗ്രാന്റ് ഫിനാലെയുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാര്‍ പെരുന്തോട്ടം നിര്‍വഹിച്ചു.
മ്യൂസിക് ധമാക്കാ വിജയികളുടെ ഫലപ്രഖ്യാപനം സണ്ണി തോമസ് ഇടിമണ്ണിക്കല്‍ നിര്‍വഹിച്ചു. പ്രാര്‍ഥന എസ്., ആഞ്ജലേയ പ്രജീഷ്, ആദിനാഥ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ആമുഖ പ്രഭാഷണം നടത്തി. വികസന പദ്ധതികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ വിനു ജോബ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ശോഭനാ വിശ്വംഭരന് എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി.
റേഡിയോ നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും എന്ന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നഗരസഭാ ചെയര്മാന് ജോമി ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വീണാ വിനോദ്, സുനിമോള്‍ ചാക്കോ, സുനിലാ പ്രസന്നന്, മോട്ടി മുല്ലശേരി, എം.എന്‍. മുരളീധരന് എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് സ്വാഗതവും പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ് നന്ദിയും പറഞ്ഞു.
പതിനഞ്ചാം വര്‍ഷത്തില്‍ റേഡിയോ മീഡിയാ വില്ലേജിന് ഫോര്‍ട്ടീന്‍ പദ്ധതികള്‍
ചങ്ങനാശേരിയുടെ മാനവികത ലക്ഷ്യംവച്ച് എല്ലാ വര്‍ഷവും നടപ്പിലാക്കാനുദ്ദേശിക്കുന്ന ജനകീയ കൂട്ടായ്മയുടെ ആഘോഷമാണ് ഫോര്‍ട്ടീന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറുപ്പക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
ചങ്ങനാശേി മെഗാ ഫെസ്റ്റ് (ബിസിനസ് കാര്‍ണിവല്‍), ചങ്ങനാശേരി ഓണം ഫെസ്റ്റിവല്‍, സൂപ്പര്‍ സ്കൂള്‍ ചലഞ്ച്, ബോണ്‍ ആന്നോ (ചങ്ങനാശേരി ന്യൂ ഇയര്‍ സെലിബ്രേഷന്) ഈ നാലു പ്രധാന പദ്ധതികള്‍ക്ക് പുറമേ ജനങ്ങളാല്‍... ജനങ്ങള്‍ക്കുവേണ്ടി... ജനങ്ങളോടൊപ്പം.... എന്ന ആപ്തവാക്യം ലക്ഷ്യംവച്ചു റേഡിയോ വരുന്ന ഒരു വര്‍ഷക്കാലംകൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് ജനകീയ റേഡിയോ പദ്ധതി.
നഗരസഭ-പഞ്ചായത്ത് തലങ്ങളില്‍ കമ്യൂണിറ്റി റേഡിയോ പ്രാദേശിക വികസനത്തിനും ജനപങ്കാളിത്തത്തിനും വിവരവിനിമയത്തിനും ഉപാധിയായി മാറുന്നു. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ തലങ്ങളിലെ പ്രവര്‍ത്തകര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ റേഡിയോ ലോകത്തെ കേള്‍പ്പിക്കുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍, ബജറ്റ്, പദ്ധതികളുടെ പുരോഗതി എന്നിവ ചര്‍ച്ച ചെയ്യും.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍, ഓപ്പണ്‍ റേഡിയോ, വികസന പദ്ധതികളില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന ജനകീയ പരിപാടികള്‍ പഞ്ചായത്തുകളുടെ വിവിധ ഫോറങ്ങളുടെയും ഡിപ്പാര്‍ട്ട്മെന്റുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിപാടികള്‍, പഞ്ചായത്തുതല കലാ-കായിക സാംസ്കാരിക കൂട്ടായ്മ, മതമൈത്രീ ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍.